കനേഡിയൻ പാർലമെൻ്റിൻ്റെ ശരത്കാല സമ്മേളനം ആരംഭിക്കാനിരിക്കെ, രാജ്യത്തെ തൊഴിൽ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ലിബറൽ സർക്കാർ. തൊഴിൽ തർക്കങ്ങളിലും പണിമുടക്കുകളിലും സർക്കാരിന് ഇടപെടാനുള്ള അധികാരങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലാണ് സഭയിൽ ആദ്യം അവതരിപ്പിക്കുക. ഫെഡറൽ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്ന "ബിൽഡിംഗ് കാനഡ സ്ട്രോംഗ് ആക്ട്", എ.ഐ ചാറ്റ്‌ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലുകൾ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ബില്ലുകൾ എന്നിവയും പാർലമെൻ്റിൻ്റെ പരിഗണനയ്ക്ക് എത്തും.
പണിമുടക്കാനുള്ള അവകാശം കവർന്നെടുക്കലല്ല, മറിച്ച് തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചർച്ചകൾ കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി. പ്രധാനമായും തൊഴിൽ നിയമത്തിലെ 'സെക്ഷൻ 107' ലാണ് മാറ്റങ്ങൾ വരുന്നത്. മുൻകാലങ്ങളിൽ അവശ്യ മേഖലകളിലെ പണിമുടക്കുകൾ തടയാൻ ഈ വകുപ്പാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിക്കടി ഇടപെട്ട് പരിഹാരം കാണേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് തൊഴിൽ മന്ത്രി പാറ്റി ഹജ്ദുവും കൂട്ടിച്ചേർത്തു.
സർക്കാരിന്റെ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകളും വ്യവസായ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. പണിമുടക്കാനുള്ള അവകാശത്തെ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തുന്നത് തൊഴിലാളികളുടെ ശക്തി കുറയ്ക്കുമെന്ന് കാനഡിയൻ ലേബർ കോൺഗ്രസ് പ്രസിഡന്റ് ബിയ ബ്രൂസ്കെ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങൾ അടച്ചിടുന്നത് പോലെയുള്ള വലിയ പ്രതിസന്ധികൾ ഒഴിവാക്കാൻ സ്പെഷ്യൽ മീഡിയേറ്ററെ നിയമിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ഫെഡറലി റെഗുലേറ്റഡ് എംപ്ലോയേഴ്സ്-ട്രാൻസ്പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് സി.ഇ.ഒ ഡെറിക് ഹൈൻസ് ആവശ്യപ്പെട്ടു.